Tuesday, September 29, 2026
Kerala News

കിറ്റക്സ് വായ്പാ വിവാദം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്

 കിറ്റക്സ് വായ്പാ വിവാദം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്


കൊച്ചി: കിറ്റക്സ് വായ്പയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാബു എം. ജേക്കബ് രംഗത്ത്. തെലങ്കാന സര്‍ക്കാരിന്റെ ഭൂമി ബാങ്കില്‍ പണയം വെച്ചിട്ടില്ലെന്നും കിറ്റക്സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഈടായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സര്‍ക്കാര്‍ 90 വര്‍ഷത്തേക്ക് പണയമായി നല്‍കിയ ഭൂമിയുടെ വില 3000 കോടി രൂപയായി കാണിച്ച് 2000 കോടി രൂപയുടെ വായ്പ തട്ടിയെടുത്തുവെന്ന തരത്തിലാണ് തനിക്കെതിരെ വ്യാജ ആരോപണം ഉയര്‍ന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാന സര്‍ക്കാരില്‍ നിന്ന് 187.2 ഏക്കര്‍ ഭൂമി 20 ലക്ഷം രൂപ നിരക്കില്‍ വാങ്ങിയതാണെന്നും ഇതിന്റെ മുഴുവന്‍ തുകയായ 38 കോടി രൂപ സര്‍ക്കാരിന് നല്‍കിയ ശേഷം ഭൂമി കിറ്റക്സിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി ബാങ്കിന് ഈടായി നല്‍കുന്നതില്‍ നിയമവിരുദ്ധതയില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു. എസ്ബിഐയില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്തുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഒരു രൂപ പോലും എസ്ബിഐയില്‍ നിന്ന് വായ്പയായി സ്വീകരിച്ചിട്ടില്ലെന്നും ബാങ്ക് തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെലങ്കാനയിലെ കിറ്റക്സ് കമ്പനിക്ക് നാല് വര്‍ഷമായി ലാഭമുണ്ടായില്ലെന്ന ആരോപണത്തെയും സാബു എം. ജേക്കബ് തള്ളി. കഴിഞ്ഞ വര്‍ഷമാണ് അവിടെ ഉത്പാദനം ആരംഭിച്ചതെന്നും അതിനാല്‍ നേരത്തെ ലാഭം എങ്ങനെ രേഖപ്പെടുത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. എസ്‌ഐടിയോ സിബിഐയോ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനും അദ്ദേഹം വെല്ലുവിളിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment