Saturday, September 26, 2026
Kerala News

എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ചു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രന്‍

 എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ചു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രന്‍


കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഇരു പാര്‍ട്ടികളും ഒന്നായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനായി എ.കെ. ശശീന്ദ്രനെ തിരഞ്ഞെടുത്തു. ഇരു പാര്‍ട്ടികളും സംയോജിച്ചതിന്റെ ഭാഗമായി ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് പൊതുസമ്മേളനം സംഘടിപ്പിക്കും.

യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് എ.കെ. ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്കിലും കാഴ്ചപ്പാടിലും പ്രവര്‍ത്തനരീതിയിലും ആശയങ്ങളിലും പുതുമയുള്ള പാര്‍ട്ടിയായിരിക്കണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ പാര്‍ട്ടിക്ക് അനുയോജ്യമായ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്ന സമൂഹത്തിന് തൃപ്തികരമായ രീതിയിലായിരിക്കണം പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ശശീന്ദ്രന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment