Saturday, September 26, 2026
Kerala News

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; ഫ്രീസര്‍ തകരാറിലായി മൃതദേഹം അഴുകിയതായി പരാതി

 പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; ഫ്രീസര്‍ തകരാറിലായി മൃതദേഹം അഴുകിയതായി പരാതി


കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് അഴുകിയതായി പരാതി. പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് അഴുകിയത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ മകന്‍ വിനീഷ് പരാതി നല്‍കി.

ഇക്കഴിഞ്ഞ 16-ന് ശുചിമുറിയില്‍ തലയിടിച്ച് വീണ് മരിച്ച പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹം അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അഴുകിയ നിലയിലാണെന്ന് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

മൊബൈല്‍ ഫ്രീസറിന്റെ മുകള്‍ഭാഗത്തേക്ക് ആവശ്യമായ രീതിയില്‍ തണുപ്പ് ലഭിച്ചിരുന്നില്ലെന്നും ഫ്രീസറിന്റെ തകരാറാണ് മൃതദേഹം അഴുകാന്‍ കാരണമായതെന്നും സര്‍ജന്‍ ബന്ധുക്കളോട് പറഞ്ഞതായി മകന്‍ വിനീഷ് ആരോപിച്ചു.

ആശുപത്രിയില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അമ്മയ്ക്ക് അവസാനമായി അന്ത്യചുംബനം നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്നും വിനീഷ് പറഞ്ഞു.

നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ഫ്രീസറും ഒരു മൊബൈല്‍ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാവുന്ന ഫ്രീസറിന് 15 വര്‍ഷം പഴക്കമുണ്ട്. നാല് വര്‍ഷം മാത്രം പഴക്കമുള്ള മൊബൈല്‍ ഫ്രീസറും നിലവില്‍ തകരാറിലാണെന്നാണ് വിവരം.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ആശുപത്രിയില്‍ പുതിയ ഫ്രീസര്‍ സജ്ജീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment