തിരുവനന്തപുരം: ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കടുത്ത അതൃപ്തി പരസ്യമാക്കി മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ വി. മുരളീധരന്‍. ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട രേഖകളെക്കുറിച്ച് തനിക്ക് യാതൊരു അറിവില്ലെന്നും അതിന്റെ ആധികാരികതയില്‍ വ്യക്തതയില്ലെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് താനല്ലെന്നും, അദ്ദേഹത്തോടു തന്നെ അതിനെക്കുറിച്ച് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ ആവശ്യത്തിന് ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്ന് വി. മുരളീധരന്‍ ഉറപ്പിച്ചു പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് പാര്‍ട്ടി സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, അതിന്റെ കൃത്യമായ കണക്കുകള്‍ അന്നുതന്നെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യക്തിഗത ആവശ്യത്തിനാണ് പണം വാങ്ങിയതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തന്റെ സാമ്പത്തിക കണക്കുകള്‍ പൂര്‍ണ്ണമായും പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ബിജെപിയില്‍ മുരളീധരന്‍ എന്ന പേരില്‍ താന്‍ മാത്രമല്ല ഉള്ളതെന്നും, മറ്റാരെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2009-ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് മുതല്‍ ഓരോ വര്‍ഷത്തെയും വരുമാനത്തിന് വ്യക്തമായ രേഖകളുണ്ടെന്നും, 2012-ന് ശേഷം താന്‍ ഒരു സെന്റ് ഭൂമിയോ സ്വര്‍ണ്ണമോ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാര്‍ത്താസമ്മേളനം വിവാദമായതോടെ വിഷയത്തില്‍ തിരുത്തുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ രേഖകളില്‍ ഉള്ളത് വി. മുരളീധരന്റെ പേരല്ലെന്നും, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പേരാണെന്നും ഷോണ്‍ ജോര്‍ജ് പിന്നീട് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയില്‍ നിന്നാണ് വാട്ട്‌സ്ആപ്പ് വഴി ഈ രേഖകള്‍ ലഭിച്ചതെന്നും, പ്രസ്തുത രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത് കെ. മുരളീധരന്റെ പേരാണെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ പുതിയ വാദം.
Comments
No comments yet. Be the first to comment!
Leave a Comment