ആലപ്പുഴ: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് ഉള്‍പ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ജി. സുധാകരന്‍ എംഎല്‍എ. ഡയറിയില്‍ തന്റെ പേര് ആരെങ്കിലും എഴുതി ചേര്‍ത്തതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി ഡയറിയില്‍ പണം വാങ്ങിയവരുടെ പട്ടികയില്‍ ജി. സുധാകരന്റെ പേരും ഉള്‍പ്പെട്ടതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട പട്ടികയെ തുടര്‍ന്നാണ് പ്രതികരണം.
കര്‍ത്ത പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. കേസിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ അനാവശ്യമായി ചില പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാകാമെന്നും യഥാര്‍ഥത്തില്‍ പണം വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
പേര് ഉള്‍പ്പെടുത്തിയതിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. മാനം ഉള്ളവര്‍ ഇതൊന്നും പറയില്ലല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
ഷോണ്‍ ജോര്‍ജിന്റെ ആരോപണങ്ങളെക്കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷോണ്‍ ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പി.സി. ജോര്‍ജ് പോലും നിയമസഭയില്‍ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഷോണ്‍ ജോര്‍ജിന് തന്റെ പേര് എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ മുന്നില്‍ സജീവമായി നില്‍ക്കാന്‍ ഇത്തരം കാര്യങ്ങള്‍ പറയുന്ന ചിലരുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment