Saturday, September 26, 2026
Kerala News

ശബരിമല നടത്തിപ്പില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ പ്രശ്നമില്ലെന്ന് വി.ഡി. സതീശന്‍

ശബരിമല നടത്തിപ്പില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ പ്രശ്നമില്ലെന്ന് വി.ഡി. സതീശന്‍



തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ചില കാര്യങ്ങള്‍ വൈകിയെന്നത് വാസ്തവമാണെന്നും ഇക്കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലകാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പിന്തുണ തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ശബരിമലയുടെ നടത്തിപ്പില്‍ പ്രധാന ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഏറ്റുമുട്ടലിന് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഭക്തര്‍ക്ക് സുഗമമായ ശബരിമല ദര്‍ശനം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ സ്വീകരിച്ച നടപടികളില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടെന്നും ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഏറ്റുമുട്ടലല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല ദര്‍ശനം ഭംഗിയായി നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment