Tuesday, September 22, 2026
Kerala News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്.

വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിനിടെ, ഇന്നലെ സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വിവിധയിടങ്ങളിലായി ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. അപകടസ്ഥലം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉടന്‍ സന്ദര്‍ശിക്കും.

കനത്ത മഴയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ അര്‍ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment