തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തുടര്‍നടപടിക്കായി കാത്തിരിക്കുകയാണെന്നും കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലവില്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
എസ്എഫ്‌ഐ നേതാക്കളെ പൊലീസ് വിലങ്ങണിയിച്ച സംഭവത്തിലും ഡിജിപി പ്രതികരിച്ചു. പ്രതികളെ വിലങ്ങണിയിക്കുന്നതിന് പൊലീസിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടുനില്‍ക്കില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പേരിലുള്ള എഐ വീഡിയോ നീക്കം ചെയ്ത സംഭവത്തിലും ഒന്‍പത് പരാതികള്‍ ലഭിച്ചിരുന്നതായി ഡിജിപി അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോ നീക്കം ചെയ്യണമെന്ന് മെറ്റയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന പാന്‍മസാല മോഷണം പോയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment