തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം പി.എസ്.സി തള്ളി. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗത്തില്‍ തീരുമാനമായത്. മൊഴിയെടുക്കണമെങ്കില്‍ അന്വേഷണസംഘത്തിന് പി.എസ്.സി ഓഫീസില്‍ നേരിട്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും യോഗം വ്യക്തമാക്കി. സ്ഥാപനത്തിന്റെ അന്തസ്സ് തകര്‍ക്കാനും ഭരണഘടനാ സ്ഥാപനത്തെ ബോധപൂര്‍വം ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പി.എസ്.സി വിമര്‍ശിച്ചു.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതിയിലാണ് പി.എസ്.സി അംഗങ്ങളോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാകില്ലെന്ന നിലപാടിലാണ് പി.എസ്.സി സെക്രട്ടറി. നിലവില്‍ നാല് അംഗങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയേക്കും. പി.എസ്.സി ചെയര്‍മാന്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് പരാതിയുള്ളത്.
കേസില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ സംശയം. ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തുകൊണ്ട് എസ്.ഐ.ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍.
Comments
No comments yet. Be the first to comment!
Leave a Comment