Sunday, September 13, 2026
Kerala News

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നതായി വി.ഡി. സതീശന്‍

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിടുന്നതായി വി.ഡി. സതീശന്‍



കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. സൈബര്‍ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും സാധാരണക്കാരായ സ്ത്രീകളെയാണ് പലപ്പോഴും ആക്രമണങ്ങള്‍ക്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസാക്ഷിയില്ലാത്തവരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരുന്ന അന്തരിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെതിരെ മരണശേഷം നടന്ന സൈബര്‍ ആക്രമണം അതിക്രൂരമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മരിച്ച മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും മരണശേഷം പോലും യാതൊരു മര്യാദയും കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജിജോ ജോണിനെയും കുടുംബത്തെയും ആക്രമിക്കുന്നവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഷ്ട്രീയക്കാരെക്കുറിച്ച് എന്തുവേണമെങ്കിലും വിമര്‍ശിക്കാം. എന്നാല്‍ പാവപ്പെട്ടവരെയും സ്ത്രീകളെയും വെറുതെ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈബര്‍ ആക്രമണങ്ങളിലൂടെ പ്രചരിപ്പിക്കുന്ന നുണകളുടെ അടിസ്ഥാനത്തിലല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment