കണ്ണൂര്‍: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി കേസെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സിഎംആര്‍എല്ലില്‍ നിന്ന് സേവനം ലഭിക്കാതെയാണ് എക്‌സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു എസ്എഫ്‌ഐഒയുടെ ആരോപണം. എന്നാല്‍, എക്‌സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ലെന്നും തനിക്കുള്ള കൈക്കൂലിയാണെന്നുമാണ് ഇഡി ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇഡി തന്നെ വ്യക്തത വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
എന്ത് അടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തെത്തിയതെന്ന് പിണറായി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാല്‍ അത് ഉടന്‍ പുറത്തുവരില്ലെന്നും, പിന്നെ എങ്ങനെയാണ് കത്ത് പുറത്തുവന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ ഇഡി തന്നെയാണ് പുറത്തുവിടുന്നതെന്നും പിണറായി ആരോപിച്ചു.
തനിക്ക് ഇതുമായി ബന്ധപ്പെട്ട് ഇഡിയില്‍ നിന്ന് ഒരു കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി ഉയര്‍ത്തുന്ന ആരോപണങ്ങളുടെ സ്വഭാവം തന്നെ മാറിയിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയായി കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ മാറുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ടെന്ന് പിണറായി പറഞ്ഞു.
എന്തുകൊണ്ടാണ് താന്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. നിയമനടപടികളുടെ ഭാഗമായി വീണ ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറുപടികളോ വസ്തുതകളോ അംഗീകരിക്കാനുള്ള താല്‍പര്യമല്ല ആക്രമണം നടത്തുന്നവര്‍ക്കുള്ളതെന്നും പിണറായി ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment