Monday, September 14, 2026
India News

ലഡാക്കിന് സംസ്ഥാന പദവി ഇല്ല; പുതിയ മാതൃക പരീക്ഷിക്കാന്‍ കേന്ദ്ര നീക്കം

ലഡാക്കിന് സംസ്ഥാന പദവി ഇല്ല; പുതിയ മാതൃക പരീക്ഷിക്കാന്‍ കേന്ദ്ര നീക്കം

ഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവിയോ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശ പദവിയോ നല്‍കാതെ, പ്രത്യേക സൂയി ജനറിസ് (Sui Generis) മാതൃക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിക്കാനാണ് ശ്രമം. ഈ നിര്‍ദേശം ലഡാക്ക് അപെക്‌സ് ബോഡി അംഗീകരിച്ചേക്കുമെന്നാണ് സൂചന. നിയമനിര്‍മ്മാണം, ഭരണനിര്‍വ്വഹണം, സാമ്പത്തികം എന്നീ മേഖലകളില്‍ അധികാരമുള്ള ഭരണസംവിധാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.

ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും നല്‍കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ 371-ാം അനുച്ഛേദം നല്‍കുന്ന പ്രത്യേക അധികാരങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി പുതിയ മാതൃക രൂപപ്പെടുത്താനാണ് നീക്കം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ലഡാക്കില്‍ ഉദ്യോഗസ്ഥ ഭരണത്തിനെതിരെ വ്യാപക പ്രക്ഷോഭം നടന്നിരുന്നു. സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment