തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കെഎസ്ഇബിയുടെ സമര്‍പ്പിച്ച മുഴുവന്‍ കരാറുകളും അംഗീകരിക്കാതിരുന്ന കമ്മീഷന്‍, ഏപ്രില്‍, മേയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ യൂണിറ്റിന് 12.50 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ അനുവാദം നല്‍കി.
അതേസമയം, നിലവിലെ വൈദ്യുതി നിയന്ത്രണം ഈ മാസം തുടരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവും ഉയര്‍ന്ന ഉപഭോഗവുമാണ് പ്രതിസന്ധിക്ക് കാരണം. പുതിയ വൈദ്യുത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കേണ്ട സമയം അതിക്രമിച്ചെന്നും, വിപണിയില്‍ നിന്ന് പച്ചക്കറി വാങ്ങുന്നത് പോലെ എളുപ്പമല്ല വൈദ്യുതി ലഭ്യമാക്കലെന്നും അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ എസി, ഇലക്ട്രിക് വാഹന ചാര്‍ജിങ് എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ എസി ഉപയോഗം കുറച്ച് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment