Friday, September 11, 2026
Kerala News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ; രൂക്ഷ വിമര്‍ശനവുമായി എം.എം. മണി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മ; രൂക്ഷ വിമര്‍ശനവുമായി എം.എം. മണി



ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നതെന്നും ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങുകയാണെന്നും എം.എം. മണി പറഞ്ഞു. താന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിടയുള്ള വൈദ്യുതി പ്രതിസന്ധി നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മണി പറഞ്ഞു. വലിയ വെള്ളപ്പൊക്കമുണ്ടായപ്പോഴും മഴ കുറഞ്ഞ സമയത്തും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയവും എം.എം. മണി ഉന്നയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി എങ്ങനെയാണ് സംസ്ഥാനം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോയതെന്നും അദ്ദേഹം ചോദിച്ചു.

വസ്തുതകള്‍ പഠിച്ച ശേഷമാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും എം.എം. മണി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment