Friday, September 11, 2026
Kerala News

ഇഡി നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കെ.എന്‍. ബാലഗോപാല്‍

ഇഡി നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കെ.എന്‍. ബാലഗോപാല്‍


തിരുവനന്തപുരം: കേരളത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു. സ്വര്‍ണക്കടത്തും മാസപ്പടിയും ഉയര്‍ത്തിക്കാട്ടി നേരത്തെ കഥകള്‍ സൃഷ്ടിച്ചെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്നും പഞ്ചാബിലും ഡല്‍ഹിയിലും ഇതിന് ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരായ ഇഡി കേസും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തിന്റെ ഭാഗമായി ചില പ്രമുഖ നേതാക്കള്‍ക്കെതിരെ അന്വേഷണം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും ബാലഗോപാല്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങളിലൂടെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ലെന്നും ഇഡി നടപടികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് രേഖകള്‍ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment