തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു. ഒരു ജില്ലയിലും നിലവില്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത രണ്ടുദിവസം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
ഇന്ന് രാവിലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു പുനലൂരിലെ താപനില. പാലക്കാട് ജില്ലയിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.
ഉഷ്ണതരംഗത്തിനും കടുത്ത ചൂടിനുമുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment