തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണം മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 1000 മെഗാവാട്ടിലധികം വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി രാത്രികാലത്ത് ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി ഉപയോഗം ഉയരാന്‍ കാരണമായിട്ടുണ്ട്. ആവശ്യമായ വൈദ്യുതി എവിടെനിന്നെങ്കിലും മാര്‍ക്കറ്റില്‍ നിന്ന് ഉടന്‍ വാങ്ങാന്‍ കഴിയില്ലെന്നും കൃത്യമായ കരാറുകളില്‍ ഏര്‍പ്പെടുകയും റെഗുലേറ്ററി കമ്മീഷന്റെ അനുമതി നേടുകയും വേണമെന്നും മന്ത്രി വിശദീകരിച്ചു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗരോര്‍ജത്തിന് വലിയ സാധ്യതയുണ്ടെങ്കിലും പകല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം നിലവില്‍ പരിമിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ബ്രഹ്‌മപുരം ഉള്‍പ്പെടെ പുതിയ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് നിലവില്‍ കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇടുക്കി പദ്ധതിക്ക് ശേഷം വലിയ പുതിയ വൈദ്യുതി പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. ആണവ വൈദ്യുതി പദ്ധതികളെയും കേരളം എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഹ്രസ്വകാല, ദീര്‍ഘകാല വൈദ്യുതി കരാറുകളാണ് മുന്നോട്ടുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന വിമര്‍ശനവും മന്ത്രി ഉന്നയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment