തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളം തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്ന ആവശ്യം കോൺഗ്രസിനുള്ളിലും ശക്തമാകുകയാണ്. കെപിസിസി നേതൃയോഗത്തിൽ ഒരു വിഭാഗം നേതാക്കൾ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പിഎം ശ്രീ വിഷയത്തിൽ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഗുണം ചെയ്തുവെന്നും ചില നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കുമ്പോൾ സിലബസിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകാതെ മുന്നോട്ടുപോകാൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. മറ്റ് കോൺഗ്രസ് സർക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാത്ത പക്ഷം മറ്റ് കേന്ദ്ര ഫണ്ടുകളും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പിഎം ശ്രീ പദ്ധതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് രണ്ടുതവണ കത്തയച്ചിരുന്നു. എന്നാൽ ഇതുവരെ സംസ്ഥാന സർക്കാർ ഔദ്യോഗിക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. പദ്ധതിയിൽ നയപരമായ തീരുമാനം മന്ത്രിസഭ ഇതുവരെ കൈക്കൊള്ളാത്തതാണ് ഇതിന് കാരണം.
വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി രണ്ടുതവണ യോഗം ചേർന്നെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. പിഎം ശ്രീയെ ചൊല്ലി മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസിനുള്ളിലും എതിർപ്പ് ഉയർന്നതോടെ ഉപസമിതിക്കും അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയമായ വിയോജിപ്പാണ് തീരുമാനം വൈകുന്നതിന് കാരണമെന്നും ഡൽഹിയിലെ ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ സമ്മർദം ശക്തമാകുന്നതിനിടയിലും പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണോ വേണ്ടയോ എന്നതിൽ സർക്കാരിനുള്ളിലെ രാഷ്ട്രീയ ചർച്ചകൾ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment