Friday, September 11, 2026
Kerala News

മാസപ്പടി കേസ്: ഇഡി കത്ത് നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സതീശന്‍

 മാസപ്പടി കേസ്: ഇഡി കത്ത് നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സതീശന്‍


തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇഡി നല്‍കിയ കത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാറുണ്ടെങ്കിലും മാസപ്പടി കേസ് അതില്‍നിന്ന് വ്യത്യസ്തമാണെന്ന് സതീശന്‍ പറഞ്ഞു. ഇഡി അയച്ചത് നിയമപരമായ കാര്യങ്ങളാണ്. കത്ത് വിശദമായി പരിശോധിച്ച് വിഷയത്തിന്റെ ഗൗരവം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന്റെ പ്രധാന ജോലി ഇപ്പോള്‍ ന്യായീകരിക്കുകയാണെന്നും പാര്‍ട്ടിയില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ വിമര്‍ശിച്ചു. സിപിഐഎം വലിയ പ്രതിരോധത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിട്ടില്ലെന്നും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഇരുവരും പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇഡി കേസിലെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതിന് പരിമിതികളുണ്ടെന്നും വിഷയം നിലവില്‍ നിയമപരമായ പരിശോധനയുടെ ഘട്ടത്തിലാണെന്നും സതീശന്‍ പറഞ്ഞു.



Related News

Comments

No comments yet. Be the first to comment!

Leave a Comment