Tuesday, September 8, 2026
Kerala News

വൈദ്യുതി പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് രാത്രി വൈദ്യുതി നിയന്ത്രണം

 വൈദ്യുതി പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് രാത്രി വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം: കൊടുംചൂടിനിടെ വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി വൈദ്യുതി നിയന്ത്രണം. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് സൂചന.

മഴ ലഭിക്കാത്തതിനാല്‍ ചൂട് വര്‍ധിച്ചതോടെ കണക്കുകൂട്ടിയതിലും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4999 മെഗാവാട്ടായിരുന്നു പീക്ക് ഡിമാന്‍ഡ്. ആകെ വൈദ്യുതി ഉപയോഗം 93.74 ദശലക്ഷം യൂണിറ്റിലെത്തി.

ഇന്നലെ ജലവൈദ്യുതി ഉല്‍പാദനത്തിലൂടെ ലഭിച്ചത് 24 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഏകദേശം 67 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി ഉല്‍പാദനം കുറഞ്ഞതോടെ കേന്ദ്രവിഹിതത്തിലും കുറവുണ്ടായി. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റ് കേന്ദ്രവിഹിതമായി ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ ലഭിച്ചത് 37 ദശലക്ഷം യൂണിറ്റ് മാത്രമാണ്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പവര്‍ എക്‌സ്‌ചേഞ്ചില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയാണ്. ലഭ്യമായ വൈദ്യുതിക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

മുന്‍ ദിവസങ്ങളില്‍ മധ്യപ്രദേശില്‍ നിന്ന് കടമായി വൈദ്യുതി ലഭിച്ചിരുന്നെങ്കിലും ഇന്നലെ അതും ലഭിച്ചില്ല. പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായി നടത്തിയ ടെന്‍ഡറിനോട് കമ്പനികള്‍ താല്‍പര്യം കാണിച്ചില്ല. ഭരണ മാറ്റമടക്കമുള്ള കാരണങ്ങളാല്‍ ആവശ്യമായ സമയത്ത് വൈദ്യുതി ലഭ്യത സംബന്ധിച്ച ആസൂത്രണം നടത്താനായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ ഇല്ലാത്തതും തിരിച്ചടിയായി. രാത്രികാലങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങുള്‍പ്പെടെ നിയന്ത്രണമില്ലാത്ത വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം.

വൈദ്യുതി ഉല്‍പാദനത്തിലെ കുറവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധിയും ഉയര്‍ന്ന ആവശ്യകതയും ഒരുമിച്ചെത്തിയതോടെയാണ് കേരളം ഇന്നലെ രാത്രിയില്‍ പലതവണ ഇരുട്ടിലായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment