തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സിപിഐഎം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പിണറായി വിജയന് ശക്തമായ പ്രതിരോധം ഒരുക്കാനാണ് സിപിഐഎം തീരുമാനം.
പിണറായിക്കെതിരെ അഴിമതി കേസ് എടുക്കണമെന്ന ഇഡിയുടെ നിര്‍ദേശത്തോടെ തെറ്റുതിരുത്തല്‍ ചര്‍ച്ചകള്‍ക്കായി ചേരുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയും വിവാദ നിഴലിലായി. സംഘടനാ വീഴ്ചകളും തെരഞ്ഞെടുപ്പ് തിരിച്ചടികളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്.
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കിയിരുന്നു. പി.എ. മുഹമ്മദ് റിയാസിനും വീണ ടി.ക്കും എതിരെ കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. PMLA നിയമത്തിലെ 66(2) വകുപ്പ് പ്രകാരമാണ് ഡിജിപിക്ക് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്.
മാസപ്പടി കേസിലെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ മാസപ്പടി കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടും നിര്‍ണായകമാകും.
Comments
No comments yet. Be the first to comment!
Leave a Comment