കണ്ണൂര്‍: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. കേസില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചിരുന്ന അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനെ മാറ്റുകയും ചെയ്തു.
കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍വകലാശാലയുടെ അപ്രതീക്ഷിത നീക്കം. നേരത്തെ പ്രിയ വര്‍ഗീസിന്റെ നിയമനം നിയമപരമാണെന്ന നിലപാടാണ് സര്‍വകലാശാല സ്വീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
നിലവിലെ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന് പകരം പി എസ് സുല്‍ഫിക്കര്‍ അലിയെയാണ് പുതിയ അഭിഭാഷകനായി സര്‍വകലാശാല ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ അഭിഭാഷകന്‍ മുഖേന പ്രിയ വര്‍ഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്ന നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.
സര്‍വകലാശാലയുടെ നിലപാട് മാറ്റം കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന്റെ നിയമനത്തെ ചോദ്യം ചെയ്തുള്ള കേസില്‍ സര്‍വകലാശാലയുടെ പുതിയ നിലപാട് സുപ്രീംകോടതിയില്‍ തിരിച്ചടിയായേക്കും.
Comments
No comments yet. Be the first to comment!
Leave a Comment