കൊച്ചി: മുട്ടില്‍ മരമുറി വഞ്ചന കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതില്‍ നിലപാട് കടുപ്പിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിനായി പ്രതികള്‍ ഈ മാസം 11ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹാജരാകാന്‍ കഴിയില്ലെങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിര്‍ദേശം പാലിക്കാത്ത പക്ഷം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ നേരത്തെ നല്‍കിയ അനുമതി റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരായിരുന്നില്ല. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഒരേ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
ചോറ്റാനിക്കര കോടതിയില്‍ പരിഗണിക്കുന്ന കേസ് വഞ്ചനയുമായി ബന്ധപ്പെട്ടതാണെന്നും വയനാട്ടിലേത് വനംവകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതികളുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment