തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ക്കാണ് അന്വേഷണ ചുമതല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചുമതലക്കാരിയായിരുന്നു രമണി പി. നായര്‍.
സംഭവത്തില്‍ നാളെ തന്നെ യോഗം ചേര്‍ന്ന് അന്വേഷണം ആരംഭിക്കാനാണ് കെപിസിസിയുടെ നിര്‍ദേശം. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട ഇരു വിഭാഗങ്ങളെയും കേള്‍ക്കാനും അന്വേഷണ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കൂന്തള്ളൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുത്തത്.
തനിക്കെതിരെ നിരന്തരം മോശം പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമായിരുന്നെന്നും രമ്യ ഹരിദാസ് എംഎല്‍എ പ്രതികരിച്ചിരുന്നു. എന്നാല്‍ രമ്യയുടേത് അഭിനയമാണെന്ന് സജിത്ത് ആരോപിച്ചു. പി.എയായി ചമഞ്ഞുനടക്കുന്ന പാളയം പ്രദീപാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും സജിത്ത് പറഞ്ഞു.
അതേസമയം, തര്‍ക്കത്തിനിടെ ആദ്യം അടിച്ചത് താനാണെന്ന് രമ്യ ഹരിദാസ് സമ്മതിച്ചിരുന്നു. സംഭവത്തില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment