Saturday, September 5, 2026
Kerala News

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി



തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കോട്ടയം സ്വദേശികളായ അഞ്ചു വിനീഷിന്റെ മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. ശരീരത്തില്‍ കുടുങ്ങിയ സൂചി ഒരു വര്‍ഷത്തിന് ശേഷമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. പ്രസവസമയത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സൂചി കുട്ടിയുടെ ശരീരത്തില്‍ കയറിയതാകാമെന്നാണ് മാതാപിതാക്കളുടെ ആരോപണം.

പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് അധ്യക്ഷനായ അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തലില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.

സംഭവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളുടെയും മൊഴി എടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് നാളെ സൂപ്രണ്ടിന് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരിക.

അതേസമയം, സൂചി എങ്ങനെയാണ് കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. സൂചിയുടെ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളും അന്വേഷണത്തിന്റെ ഭാഗമായി നടത്തേണ്ടിവരുമെന്നാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment