Saturday, August 29, 2026
Kerala News

വ്യാജ ബി.കോം മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടിയെന്ന് പരാതി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

 വ്യാജ ബി.കോം മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടിയെന്ന് പരാതി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്


പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയെന്ന് തെളിയിക്കുന്നതിനായി ഗണപതി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ പരാതി. ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയതെന്നാണ് വിവരം.

തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു.

എന്നാല്‍, ഇതിനുശേഷം പഞ്ചായത്ത് അധികൃതര്‍ ഗണപതി സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് രേഖ വ്യാജമാണെന്ന കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment