Tuesday, August 25, 2026
Kerala News

2027 മുതല്‍ വൈദ്യുതി നിരക്ക് പരിഷ്‌കരണം; പകല്‍ കുറഞ്ഞ നിരക്കും രാത്രി ഉയര്‍ന്ന നിരക്കും നിര്‍ദേശിച്ച് കരട്

 2027 മുതല്‍ വൈദ്യുതി നിരക്ക് പരിഷ്‌കരണം; പകല്‍ കുറഞ്ഞ നിരക്കും രാത്രി ഉയര്‍ന്ന നിരക്കും നിര്‍ദേശിച്ച് കരട്


തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്‌കരണത്തിന്റെ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. പകല്‍ സമയത്ത് കുറഞ്ഞ നിരക്കും വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്ത് ഉയര്‍ന്ന നിരക്കും ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് കരടിലുള്ളത്. 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2027 മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.

2027 മുതല്‍ 2032 വരെയുള്ള നിരക്ക് പരിഷ്‌കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ടൈം ഓഫ് ഡേ (TOD) നിരക്ക് ബാധകം. പുതിയ നിര്‍ദേശപ്രകാരം കൂടുതല്‍ ഉപഭോക്താക്കളെ സമയാധിഷ്ഠിത നിരക്കിന്റെ പരിധിയില്‍ കൊണ്ടുവരും.

സോളാര്‍ വൈദ്യുതി ലഭ്യത കൂടുതലുള്ള പകല്‍ സമയത്ത് കുറഞ്ഞ നിരക്കും വൈദ്യുതി ആവശ്യകത ഉയരുന്ന രാത്രിയില്‍ ഉയര്‍ന്ന നിരക്കും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയാണ് ലക്ഷ്യം.

ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് പീക്ക് സമയത്ത് നിരക്കിളവ് നല്‍കുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്‌സഡ് ചാര്‍ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. നിലവില്‍ സ്ലാബ് അടിസ്ഥാനത്തിലാണ് ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നത്. മീറ്റര്‍ അടിസ്ഥാനത്തിലേക്ക് മാറിയാല്‍ ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്‌സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം.


Related News

Comments

No comments yet. Be the first to comment!

Leave a Comment