കോഴിക്കോട്: സംസ്ഥാനത്തെ ജില്ലകളെ ജനസംഖ്യാനുപാതികമായി പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. ജനസംഖ്യ കൂടുതലുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളോട് വിവേചനം തുടരുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. സലാം പറഞ്ഞു.
ജനസംഖ്യയില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും മലപ്പുറത്തിനും പത്തനംതിട്ടയ്ക്കും ലഭിക്കുന്ന സൗകര്യങ്ങളില്‍ കാര്യമായ വ്യത്യാസമില്ലെന്ന് പി.എം. സലാം ചൂണ്ടിക്കാട്ടി. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ മലപ്പുറത്തെ മൂന്ന് ജില്ലകളായി വിഭജിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ജില്ലകളുടെ രൂപീകരണം പഠിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ ഉടന്‍ നിയോഗിക്കുമെന്നും മൂവാറ്റുപുഴയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേറിയിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകള്‍ വിഭജിച്ച് നെയ്യാറ്റിന്‍കര, മൂവാറ്റുപുഴ, തിരൂര്‍ എന്നിവ പുതിയ ജില്ലകളാക്കണമെന്ന നിര്‍ദേശങ്ങളാണ് നിലവില്‍ ചര്‍ച്ചയിലുള്ളത്.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Comments
No comments yet. Be the first to comment!
Leave a Comment