തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ഇന്ന് നടത്തിയത്. പ്രതിവര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്നതും സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് പ്രതിവര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്ത്രീകള്‍ക്കായുള്ള വെട്രി പയണം സൗജന്യ യാത്രാ പദ്ധതിയും വിപുലീകരിച്ചു. നിലവില്‍ പ്രത്യേക ബസുകളില്‍ മാത്രമായിരുന്ന സൗജന്യ യാത്രാ സൗകര്യം ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒക്ടോബര്‍ രണ്ടിന് പുതിയ പരിഷ്‌കാരം നിലവില്‍ വരും.
അതേസമയം, പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധം പരിഗണിച്ചാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും കര്‍ഷകര്‍ക്കൊപ്പമാണ് ടിവികെ സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരന്തൂര്‍ വിമാനത്താവള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പിന്നീട് പ്രതിപക്ഷം സഭയില്‍ തിരിച്ചെത്തി.
Comments
No comments yet. Be the first to comment!
Leave a Comment