പത്തനംതിട്ട: ആറന്മുള വള്ളസദ്യ ഒരുക്കിനല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈനായി പണം തട്ടിയെന്ന പരാതിയില്‍ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ സമീപിച്ചതെന്നാണ് പരാതി.
ഹരിപ്പാട് സ്വദേശിനിയായ യുവതിയില്‍ നിന്ന് 2,000 രൂപ തട്ടിയെടുത്തെന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്. വള്ളസദ്യയുടെ പാസും താമസ സൗകര്യവും ഉള്‍പ്പെടെ ഒരുക്കിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. പണം അയച്ച ശേഷം വള്ളസദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി യുവതി മനസ്സിലാക്കിയത്. തുടര്‍ന്ന് ആറന്മുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ആറന്മുള ക്ഷേത്ര ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് വിപിന്‍ ദാസ് എന്നയാളാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ആളുകളെ സമീപിച്ചതെന്നാണ് പൊലീസ് പറയുന്നത്. താല്‍പര്യം അറിയിക്കുന്നവരുമായി ചാറ്റ് ചെയ്ത ശേഷം വള്ളസദ്യയും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്യും. 2,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് വിവിധ ആളുകളില്‍ നിന്ന് വാങ്ങിയതെന്നാണ് വിവരം.
പണം ലഭിച്ചശേഷം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം. ലഭിച്ച ആദ്യ പരാതികളിലൊന്നിലാണ് ആറന്മുള പൊലീസ് ഇപ്പോള്‍ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment