Thursday, August 20, 2026
Kerala News

മാസപ്പടി കേസ്; തനിക്കെതിരായ വാര്‍ത്ത പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

മാസപ്പടി കേസ്; തനിക്കെതിരായ വാര്‍ത്ത പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്


തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാജവാര്‍ത്തയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

സി.എം.ആര്‍.എല്ലില്‍ നിന്ന് വീണ വിജയന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടുതവണ ഫോണില്‍ വിശദീകരണം തേടിയെന്നുമുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്ന് റിയാസ് പറഞ്ഞു. തന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.ഡി അന്വേഷണം സംബന്ധിച്ച കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാലും വിഷയം നിയമപരമായി നേരിടുന്നതിനാലും ദിനംപ്രതി പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ വിഷയത്തെ പൂര്‍ണ ആത്മവിശ്വാസത്തോടെ നിയമപരമായി നേരിടാന്‍ കഴിയുമെന്ന ബോധ്യമുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കേസിന് പിന്നിലെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് പാര്‍ട്ടിയും താനും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment