കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി. വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ മുട്ടില്‍ മരംമുറി കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍, ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ആവശ്യം തള്ളുകയും ഹര്‍ജി വിചാരണക്കോടതിയില്‍ തന്നെ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ ചോറ്റാനിക്കര കോടതിയില്‍ ഹാജരായി. മറ്റ് പ്രതികള്‍ എവിടെയെന്ന് കോടതി ചോദിക്കുകയും പ്രതികളുടെ ഹാജരാകാത്തതില്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. ആളെ കളിയാക്കുകയാണോ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
കോടതിയില്‍നിന്ന് വിമര്‍ശനം നേരിട്ടതില്‍ റോജി അഗസ്റ്റിന്‍ മാധ്യമങ്ങളോട് അമര്‍ഷം പ്രകടിപ്പിച്ചു. അതേസമയം, വിചാരണക്കോടതിയില്‍ ഓണ്‍ലൈനായി ഹാജരാകാന്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ കോടതി നാളെ വിധി പറയും.
കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന തീയതിയും കോടതി നാളെ തീരുമാനിച്ചേക്കും. വഞ്ചനാക്കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളി.
Comments
No comments yet. Be the first to comment!
Leave a Comment