Thursday, August 20, 2026
Kerala News

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കുറ്റപത്രം

 നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കുറ്റപത്രം


തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെടുമങ്ങാട് എസ്.സി./എസ്.ടി കോടതിയിലാണ് 78 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരത്തില്‍ നിരവധി മുറിവുകളും വാരിയെല്ലുകള്‍ക്ക് പൊട്ടലുകളും ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രൂരമായ മര്‍ദനം, ജെ.ജെ. ആക്ട് എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്.സി./എസ്.ടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെയ് 26നാണ് അഖിലയുടെ ഒന്നര വയസുകാരനായ മകന്‍ അര്‍ഷിദ് രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് മരിച്ചത്. കുട്ടിയെ അഷ്‌കര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നതായും അമ്മ കുഞ്ഞിനെ വേണ്ടത്ര പരിചരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളും ഏഴ് വാരിയെല്ലുകള്‍ക്ക് പൊട്ടലും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. തലയ്‌ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നുണ്ടായ നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നതിന് ഒന്നര വയസുകാരന്‍ തടസമായതിനാലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്ന് അഷ്‌കര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടി പടിയില്‍നിന്ന് വീണതാണെന്നായിരുന്നു അമ്മയും അഷ്‌കറും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment