കാസര്‍ഗോഡ്: ഏറെ നാളത്തെ അധ്വാനത്തിനൊടുവില്‍ പണിത സ്വപ്നവീട്ടില്‍ താമസിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് കാസര്‍ഗോഡ് ആനക്കല്ല് ഒറ്റമാവുങ്കലിലെ സദനും കുടുംബവും. വീടിന് താഴെ ഗുഹയുടെ വലുപ്പത്തിലുള്ള ഗര്‍ത്തവും ശക്തമായ നീരൊഴുക്കും കണ്ടെത്തിയതാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്.
മൂന്ന് വര്‍ഷം കൊണ്ടാണ് സദന്‍ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനായി വീട് നിര്‍മിച്ചത്. ഈ മാസം 28ന് പാലുകാച്ചല്‍ ചടങ്ങ് നടത്താനും ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തപ്പോഴാണ് ഭൂമിക്കടിയില്‍ വലിയ ഗര്‍ത്തവും നീര്‍ച്ചാലും കണ്ടെത്തിയത്.
വീടിനടിയില്‍ ഏകദേശം 10 അടി വ്യാസത്തില്‍ 150 മീറ്ററിലേറെ നീളമുള്ള ഗുഹാസമാനമായ ഭാഗമാണ് കണ്ടെത്തിയത്. ഗര്‍ത്തത്തിനുള്ളില്‍ വേരുകള്‍ ഇറങ്ങിയ നിലയിലും അവയില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്നതും കാണാം. ചില ഭാഗങ്ങളില്‍ മണ്ണിടിഞ്ഞതിന്റെ ലക്ഷണങ്ങളുമുണ്ട്.
ഗര്‍ത്തത്തിനുള്ളിലൂടെ ശക്തമായ നീരൊഴുക്കും അനുഭവപ്പെടുന്നുണ്ട്. ഇവിടെ മണ്ണിടിയുമ്പോള്‍ അകലെയുള്ള തോട്ടത്തിലെ കുളത്തിലെ വെള്ളം കലങ്ങുന്നതായും കുടുംബം പറയുന്നു. വീടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയിലാണ് സദനും കുടുംബവും. വര്‍ഷങ്ങളോളം അധ്വാനിച്ച് പണിത സ്വപ്നവീട്ടില്‍ എപ്പോള്‍ താമസിക്കാനാകുമെന്ന ആശങ്കയിലാണ് കുടുംബം.
Comments
No comments yet. Be the first to comment!
Leave a Comment