Thursday, August 20, 2026
Kerala News

വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പിനെ കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം

 വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പിനെ കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം


കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി.ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പിനെ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായ അന്വേഷണം ആരംഭിച്ചു. കമ്പനി ഷെല്‍ സ്ഥാപനമാണെന്ന സംശയത്തിലാണ് ഇഡി പരിശോധന നടത്തുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് രേഖകളിലുള്ള ലേക്കര്‍ ഇന്ത്യ കോര്‍പിന് നിലവില്‍ ഓഫീസില്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ചും ഇഡി വിശദമായി പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനമെന്നാണ് രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നത്.

ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ ബാങ്ക് അക്കൗണ്ടിലുള്ള 15.57 ലക്ഷം രൂപ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. കമ്പനിയുടെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിരവധി സംശയങ്ങളുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വീണ ടി. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്നാണ് ഇഡി പറയുന്നത്. പിന്നീട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് വീണ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

നിയാസ് എന്ന വ്യക്തിയാണ് ലേക്കര്‍ ഇന്ത്യ കോര്‍പിലെ മറ്റൊരു പങ്കാളിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ രൂപീകരണം, പങ്കാളിത്തം, സാമ്പത്തിക ഇടപാടുകള്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് കൂടുതല്‍ പരിശോധന തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment