Monday, August 17, 2026
Kerala News

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപനം; എന്‍ടിഎയ്ക്കെതിരെ വ്യാപക പ്രതിഷേധം, ഇന്ന് എസ്എഫ്‌ഐ മാര്‍ച്ച്

 യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപനം; എന്‍ടിഎയ്ക്കെതിരെ വ്യാപക പ്രതിഷേധം, ഇന്ന് എസ്എഫ്‌ഐ മാര്‍ച്ച്


ഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ പുനഃപരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രഖ്യാപിച്ചതിന് പിന്നാലെ ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധം. എന്‍ടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഇന്ന് എന്‍ടിഎ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

പരീക്ഷ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ തുടര്‍ന്നാണ് ചില വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ വീണ്ടും നടത്താന്‍ എന്‍ടിഎ തീരുമാനിച്ചത്. ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിഴവുകള്‍, വിവര്‍ത്തനത്തിലെ പാളിച്ചകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇംഗ്ലീഷ് പേപ്പറില്‍ 2024, 2025 വര്‍ഷങ്ങളിലെ പരീക്ഷകളില്‍ നിന്നുള്ള 67 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായും കണ്ടെത്തി. സോഷ്യോളജി പേപ്പറിലെ ഹിന്ദി പരിഭാഷയിലെ ചില ഭാഗങ്ങള്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും കണ്ടെത്തലുണ്ടായി.

പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ടിഎയുടെ വീഴ്ചകള്‍ക്ക് വിദ്യാര്‍ഥികള്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി മാറിയെന്നും വീഴ്ചകള്‍ സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, എന്‍ടിഎയുടെ ന്യായീകരണം അംഗീകരിക്കാനാകില്ലെന്ന് എബിവിപിയും വ്യക്തമാക്കി. ഏജന്‍സിയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും എബിവിപി ആവശ്യപ്പെട്ടു.



Related News

Comments

No comments yet. Be the first to comment!

Leave a Comment