ചെന്നൈ: തമിഴ്‌നാടിനെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ഉദ്യോഗസ്ഥരോടും ജനങ്ങളോടും അദ്ദേഹം അഴിമതിക്കെതിരെ ഒരുമിച്ച് നിലകൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചത്. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുകയാണെന്നും വിജയ് വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനായി ജീവന്‍ ത്യജിച്ചവരെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, ദേശീയ പതാക ഉയര്‍ത്താന്‍ അവസരം നല്‍കിയ തമിഴ് ജനതയോട് നന്ദിയും അറിയിച്ചു. തമിഴ്‌നാടിന് ദോഷകരമായ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ ടി.വി.കെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ചെന്നൈയിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടി തൃഷ കൃഷ്ണനും അതിഥിയായി പങ്കെടുത്തു. മുഖ്യമന്ത്രി വിജയ് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തൃഷ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. വിജയ്യുടെ മാതാപിതാക്കളായ എസ്. എ. ചന്ദ്രശേഖറിനും ശോഭാ ചന്ദ്രശേഖറിനും സമീപമായാണ് തൃഷ ഇരുന്നത്.
ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരേഡ് കടന്നുപോകുന്നതിനിടെ തൃഷ മുഖ്യമന്ത്രി വിജയ്യെ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടി. നേരത്തെയും വിജയ്യുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളില്‍ തൃഷ സാന്നിധ്യമറിയിച്ചിരുന്നു. കഴിഞ്ഞ മേയില്‍ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ മുന്‍നിരയില്‍ പങ്കെടുത്തിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment