Saturday, August 15, 2026
India News

സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേ മാതരം മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്‌നമില്ല; ജയറാം രമേശ്

 സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാന്‍; വന്ദേ മാതരം മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്‌നമില്ല; ജയറാം രമേശ്

ഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദത്തില്‍. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആലാപനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വന്ദേമാതരം പൂര്‍ണമായി ആലപിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.

അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിനെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തി. വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രശ്‌നമില്ലെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് സഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

ആലാപനം തടയാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും സോണിയ ഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷന്‍ ഏറെ നേരമായി നില്‍ക്കുന്നതിനാല്‍ കസേര വേണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടതെന്നും ജയറാം രമേശ് വിശദീകരിച്ചു.

എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് ആലപിക്കേണ്ടതെന്നായിരുന്നു നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് നിര്‍ദേശിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഇതിനിടെയാണ് എഐസിസി ആസ്ഥാനത്തെ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment