കൊച്ചി: പ്രശസ്ത ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. കേസില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനവും (FEMA) കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇ.ഡി വിശദമായി പരിശോധിക്കും.
കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും തട്ടിപ്പിന് പിന്നിലെ സ്‌പോണ്‍സറും തമ്മില്‍ അവിശുദ്ധ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റവന്യൂ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വിശകലനം ചെയ്ത ശേഷമായിരിക്കും ഇ.ഡി തുടരന്വേഷണ നടപടികളിലേക്ക് കടക്കുക. വിഷയത്തിലെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെയും സ്‌പോണ്‍സറുടെയും അവകാശവാദം. എന്നാല്‍ ഇരുവരുടെയും വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നു. സ്റ്റേഡിയം കൈമാറുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment