Friday, August 14, 2026
Kerala News

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവ്; രോഗികള്‍ ദുരിതത്തില്‍

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവ്; രോഗികള്‍ ദുരിതത്തില്‍

ഇടുക്കി: ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ചികിത്സാനിഷേധം ഉയര്‍ന്നുവന്ന ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഗുരുതരമായ ഡോക്ടര്‍മാരുടെ ക്ഷാമം. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ രോഗികള്‍ ദുരിതത്തിലാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതനുസരിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല.

പ്രതിദിനം ആയിരം മുതല്‍ ആയിരത്തിരൂറോളം രോഗികളാണ് ഇവിടെ ഒ.പിയില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. കാഷ്വാലിറ്റിയില്‍ എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്. ദരിദ്രരും വയോധികരുമായ സാധാരണക്കാരാണ് ഇവിടെയെത്തുന്ന രോഗികളില്‍ ഭൂരിഭാഗവും. നിലവിലുള്ള 34 ഡോക്ടര്‍ തസ്തികകളില്‍ പത്തെണ്ണവും നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജനറല്‍ സര്‍ജന്‍ വിഭാഗത്തിലെ മൂന്ന് ഒഴിവുകള്‍ ഏഴു മാസമായി നികത്തിയിട്ടില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട പീഡിയാട്രിക് വിഭാഗത്തില്‍ ഒരാള്‍ മാത്രമാണുള്ളത്. എട്ട് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ വേണ്ട സ്ഥാനത്ത് നാലെണ്ണം മാത്രമാണുള്ളത്, അതിലൊന്ന് ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.

229 കിടക്കകളുള്ള ഈ ആശുപത്രിയില്‍ 144 കിടക്കകള്‍ക്ക് ആവശ്യമായ ജീവനക്കാര്‍ മാത്രമാണുള്ളത്. ഹെഡ് നഴ്‌സുമാരുടെ തസ്തികകളിലും പകുതിയോളം കുറവുണ്ട്. റേഡിയോളജിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ തസ്തികകള്‍ ഇതുവരെ സൃഷ്ടിച്ചിട്ടുമില്ല. പേരില്‍ മാത്രമായി ജില്ലാ ആശുപത്രിയായി തുടരുന്ന ഈ ആതുരാലയം സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ഒരു താലൂക്ക് ആശുപത്രിയുടെ നിലവാരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment