Thursday, August 13, 2026
Kerala News

അര്‍ജന്റീന ടീം കേരളത്തിലേക്ക് വരാത്തത് സമയത്തിന് പണം നല്‍കാത്തതിനാല്‍; കരാര്‍ ഒപ്പിട്ട ശേഷം പണം നല്‍കേണ്ട സമയക്രമം പാലിച്ചില്ല

അര്‍ജന്റീന ടീം കേരളത്തിലേക്ക് വരാത്തത് സമയത്തിന് പണം നല്‍കാത്തതിനാല്‍; കരാര്‍ ഒപ്പിട്ട ശേഷം പണം നല്‍കേണ്ട സമയക്രമം പാലിച്ചില്ല

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കപ്പെടാന്‍ കാരണം സംഘാടകരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാമ്പത്തിക കരാര്‍ ലംഘനങ്ങളാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി (എഎഫ്എ) ഒപ്പിട്ട അന്തിമ കരാറിന്റെ പകര്‍പ്പും, കരാര്‍ ലംഘനം ചൂണ്ടിക്കാട്ടുന്ന കത്തും, എഎഫ്എയുടെ ടെര്‍മിനേഷന്‍ നോട്ടീസും അടക്കമുള്ള നിര്‍ണായക രേഖകള്‍ ആണ് പുറത്ത് വന്നത്. 


രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി 15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 126 കോടി രൂപ) കരാറാണ് റിപ്പോര്‍ട്ടര്‍ കമ്പനി എഎഫ്എയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍ ഒപ്പിട്ട് മൂന്ന് ദിവസത്തിനകം നല്‍കേണ്ടിയിരുന്ന ആദ്യ ഗഡുവായ 9 മില്യണ്‍ ഡോളര്‍ കൈമാറാന്‍ വൈകിയതിനെ തുടര്‍ന്ന് എഎഫ്എ ആദ്യഘട്ടത്തില്‍ തന്നെ പിന്മാറ്റം അറിയിച്ചിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളില്‍ ആഗസ്റ്റ് 19-ന് ഒരു സൗഹൃദ മത്സരവും ഫാന്‍ മീറ്റുമായി പദ്ധതി വെട്ടിച്ചുരുക്കുകയും, 45 ദിവസത്തിനകം രണ്ടാമത്തെ ഗഡുവായ 5.5 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ധാരണയാവുകയും ചെയ്തു. എന്നാല്‍ ഈ തുകയും നിശ്ചിത സമയപരിധി കഴിഞ്ഞ് ഒക്ടോബര്‍ 14-നാണ് നല്‍കിയത്.

തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എഎഫ്എ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയതോടെ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരിട്ട് ഇടപെടുകയും നവംബര്‍ 19-ന് മത്സരം 2026 മാര്‍ച്ചിലേക്ക് മാറ്റിക്കൊണ്ട് മൂന്നാമതൊരു കരാറുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ലോകത്തെ ഒന്നാം നിര ഫുട്‌ബോള്‍ അസോസിയേഷനായ എഎഫ്എയ്ക്ക്, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ സാമ്പത്തിക വീഴ്ചകള്‍ കാരണം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതോടെയാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം പൂര്‍ണ്ണമായും റദ്ദാക്കപ്പെട്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment