ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റര്‍ ഉടമയുടെ മകന് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ചോര്‍ത്തി നല്‍കിയെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.
എന്‍ടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുല്‍ക്കര്‍ണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥിക്ക് കൈമാറിയതെന്നാണ് സിബിഐ കണ്ടെത്തിയത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ഡീലക്‌സ് റൂമില്‍ വെച്ചാണ് വിദ്യാര്‍ത്ഥിക്ക് രഹസ്യ ക്ലാസുകള്‍ നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്ലാസുകളില്‍ 132 കെമിസ്ട്രി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിദ്യാര്‍ത്ഥിക്ക് എഴുതി നല്‍കിയെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റര്‍ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചത്.
കേസില്‍ എന്‍ടിഎ വിദഗ്ധനായ പ്രഹ്ലാദ് കുല്‍ക്കര്‍ണിയെയും സിദ്ധിവിനായക് ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായി വിദ്യാര്‍ത്ഥി മൊഴി നല്‍കിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment