തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പതിമൂന്നാം ദിനത്തിലും ഊര്‍ജ്ജിതമായി തുടരുന്നു. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, പുല്ലുവിള സ്വദേശി ജോണ്‍, പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവര്‍ക്കായി വിവിധ സുരക്ഷാ ഏജന്‍സികളുടെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ ഏകോപിപ്പിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനിയുടെ നേതൃത്വത്തിലാണ് പ്രധാന പരിശോധനകള്‍ പുരോഗമിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ പരിശോധന വ്യാപിപ്പിക്കുന്നതിനായി അത്യാധുനിക ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള സോണാര്‍ (Sonar) സംവിധാനവും ഉപയോഗിക്കുന്നുണ്ട്. നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം കടലിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും തിരച്ചില്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, വിഴിഞ്ഞത്തുനിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കടലില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ നടപടികള്‍ യാതൊരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment