Wednesday, August 12, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ല; ജാമ്യം തേടി പി.എസ് പ്രശാന്തും എ.അജികുമാറും

ശബരിമല സ്വര്‍ണക്കൊള്ള: ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ല; ജാമ്യം തേടി പി.എസ് പ്രശാന്തും എ.അജികുമാറും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം എ. അജികുമാറും ജാമ്യം തേടി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചു. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായതിന് യാതൊരുവിധ തെളിവുകളും അന്വേഷണസംഘത്തിന്റെ പക്കലില്ലെന്നും, തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാണ് അജികുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.  

അറസ്റ്റിലായി 20 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ വിജിലന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലും അന്വേഷണം പുരോഗമിക്കുന്നതിനാലും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. ഇതിനിടെ ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് പുതിയ കേസ് കൂടി ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് പ്രതികള്‍ വേഗത്തില്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.  

2019-ല്‍ നടന്ന സ്വര്‍ണക്കൊള്ള മറച്ചുവെക്കാനായി, 2025-ല്‍ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് വീണ്ടും സ്വര്‍ണം പൂശാന്‍ അയച്ചെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) കണ്ടെത്തല്‍. എന്നാല്‍, ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി തേടാതിരുന്നത് കേവലം സാങ്കേതിക പിഴവ് മാത്രമാണെന്നാണ് പ്രശാന്തിന്റെ വിശദീകരണം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ അന്വേഷണ സംഘം ഗൂഢാലോചനാ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  


Related News

Comments

No comments yet. Be the first to comment!

Leave a Comment