Monday, August 10, 2026
Kerala News

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: പിണറായി വിജയന് മറുപടിയുമായി വി.ഡി. സതീശന്‍

 മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം: പിണറായി വിജയന് മറുപടിയുമായി വി.ഡി. സതീശന്‍



മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തെരച്ചില്‍ കാര്യക്ഷമമല്ലെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളിയ മുഖ്യമന്ത്രി, കാണാതായവര്‍ക്കായി സര്‍ക്കാര്‍ പരമാവധി സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയാണെന്ന് വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നത് ആദ്യമായല്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 148 മത്സ്യത്തൊഴിലാളികളെയാണ് കടലില്‍ കാണാതായത്. ഇത്തവണ മൂന്ന് പേരെയാണ് കാണാതായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സര്‍ക്കാരും ഇത്രയും വിപുലമായ തെരച്ചില്‍ നടത്തിയിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനം നേരിട്ടത് ഗുരുതര പ്രതിസന്ധിയാണെന്ന് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തമുഖത്ത് ജനങ്ങള്‍ പകച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ പ്രതിപക്ഷത്തിന് മാറിനില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസമുണ്ടായി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായോ എന്നത് പരിശോധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ശക്തമായ മഴയ്ക്ക് ശേഷമാണ് പല അലേര്‍ട്ടുകളും ഉണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment