Monday, August 10, 2026
Kerala News

കേരളം ഗുണ്ടകളുടെ പറുദീസയല്ല; അര്‍ജുന്‍ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല; മന്ത്രി രമേശ് ചെന്നിത്തല

കേരളം ഗുണ്ടകളുടെ പറുദീസയല്ല; അര്‍ജുന്‍ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല; മന്ത്രി രമേശ് ചെന്നിത്തല

അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ക്ക് ഇതാണ് അനുഭവമെന്നും, കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ പോലുള്ളവരെ ആര് സംരക്ഷിച്ചാലും രക്ഷയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പിണറായി വിജയനും എം.വി. ജയരാജനും അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞതായും ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സൈ്വര്യജീവിതവും സമാധാനവും ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഓണക്കാലം മുന്‍നിര്‍ത്തി നടപടികള്‍ ഊര്‍ജിതമാക്കുമെന്നും, ലിസ്റ്റിലുള്ള ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളെ വെല്ലുവിളിക്കുന്നവര്‍ക്കും മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഗുണ്ടകള്‍ക്കെതിരെ മാത്രമല്ല, അവരെ പോറ്റി വളര്‍ത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.




Related News

Comments

No comments yet. Be the first to comment!

Leave a Comment