മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് അനാവശ്യ പ്രകോപനമാണ് സൃഷ്ടിക്കുന്നതെന്നും, തീക്കൊള്ളി കൊണ്ട് തലചൊറിയരുത് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ നിലപാട് മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. ഇതിന് വിരുദ്ധമായി തമിഴ്‌നാട് നടത്തുന്ന പ്രഖ്യാപനങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തമിഴ്‌നാടിന് ദോഷകരമായ ഒരു നടപടിയും കേരളം സ്വീകരിച്ചിട്ടില്ലെന്നും, ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുകയാണെങ്കില്‍ കേരളത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ നിയമപരമായ പ്രസക്തിയോ സാധ്യതയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയം ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിഗണനയിലാണെന്നും, അതിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കാനിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ നിലപാട് പൊതുസമൂഹത്തിന് വ്യക്തമായി അറിയാവുന്നതാണെന്നും, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളത്തിന് വന്‍ ദുരന്തമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments
No comments yet. Be the first to comment!
Leave a Comment