Friday, August 7, 2026
Kerala News

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: പി എസ് പ്രശാന്തിനേയും അജികുമാറിനേയും പ്രതിചേര്‍ക്കും

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: പി എസ് പ്രശാന്തിനേയും അജികുമാറിനേയും പ്രതിചേര്‍ക്കും

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേട് കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍, അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രതിചേര്‍ക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം നല്‍കിയത് ഇവരാണെന്ന ദേവസ്വം വിജിലന്‍സ് അന്വേഷണ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രശാന്ത് ഉള്‍പ്പെടെയുള്ള ഇവര്‍ മൂവരും നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലും പ്രതികളാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് വാങ്ങിയ ഇടപാടിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്‌തെന്നും, ഉയര്‍ന്ന ഗുണനിലവാരമുള്ള നെയ്യ് മറിച്ചുവിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണം. ഇതിനുപുറമെ ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡിന് ഏകദേശം 2.30 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വിജിലന്‍സ് വിലയിരുത്തുന്നു.

കേസില്‍ സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നല്‍കി. എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇന്‍സ്‌പെക്ടര്‍മാരായ എ.എസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടി.ആര്‍. കിരണ്‍, ആര്‍.എസ്. രതീന്ദ്രകുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment