ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബില്ലിലെ വിവാദ വ്യവസ്ഥകളില്‍ നിര്‍ണായക ഇളവുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നതായി റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സന്നദ്ധ സംഘടനകളുടെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന വ്യവസ്ഥയില്‍ നിന്ന് മുന്‍കാല പ്രാബല്യം (Retrospective effect) ഒഴിവാക്കാനാണ് കേന്ദ്ര നീക്കം.
വിദേശ ഫണ്ടില്‍ നിര്‍മിച്ച സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിലെ ആശങ്കകള്‍ പരിഹരിക്കാനാണ് ബില്ലില്‍ തക്കതായ മൃദുസമീപനം സ്വീകരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചര്‍ച്ചയായത്.നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഈ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍പ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലമാക്കിയാണ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് താല്‍ക്കാലികമായി മാറ്റിവെച്ചിരുന്നത്.
നിലവില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. നിയമപ്രകാരം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ടെങ്കിലും വിശ്വാസ പ്രചാരണത്തിന് തടസ്സമില്ല. കൂടാതെ ചില മേഖലകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എഫ്സിആര്‍എ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയും കേന്ദ്രം പുനഃക്രമീകരിച്ചിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് തുക ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. കൂടാതെ ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്കും വകമാറ്റി ചെലവഴിക്കുന്നതിനും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്താനും, ലഭിച്ച റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കാനും വ്യവസ്ഥയുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment