സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഗുരുതരമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു. രാത്രിയിലുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിയിരുന്നുവെന്നും, ഇപ്പോഴും മഴ തുടരുന്നുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മഴ പൂര്‍ണമായും ശമിച്ചിട്ടില്ലെങ്കിലും പൊതുവെ ആശ്വാസകരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വലിയ പ്രയാസങ്ങളില്ലാതെ രാത്രി കടന്നുപോയതായും പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതായും മന്ത്രി അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പിനെ കുറിച്ചും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും താഴെയായിരുന്നു ജലനിരപ്പ്. നിലവില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്നും അണക്കെട്ടുകളിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറാന്‍ ചിലര്‍ ഇപ്പോഴും തയ്യാറാകാത്ത സാഹചര്യമുണ്ടെന്നും, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായാല്‍ ബലപ്രയോഗം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment